ഇടുക്കി: ലോക്ക് ഡൗണില്‍ മറവില്‍ രാത്രി പൊന്മുടി വന മേഖലയില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപം. വിനോദ സഞ്ചാര മേഖലയായ പൊന്മുടി തൂക്കുപാലത്തിലേയ്ക്കുള്ള റോഡരികിലാണ് മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും വന്‍തോതില്‍ നിക്ഷേപിച്ചിരിക്കുന്നത്. പ്രദേശത്ത് സി സി ടി വി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും പൊതുപ്രവർത്തകരും രംഗത്തെത്തി. പൊന്മുടി രാജാക്കാട് ഡാംടോപ്പ് റോഡിന്‍റെ ഇരുവശത്തും തൂക്കുപാലത്തിലേയ്ക്കുള്ള റോഡരുകിലുമാണ് വൻതോതില്‍ മാലിന്യ നിക്ഷേപം നടത്തിയിരിക്കുന്നത്.
മുമ്പും ഇവിടെ മാലിന്യ നിക്ഷേപം സജീവമായതോടെ പഞ്ചായത്തടക്കം നിരീക്ഷണം ശക്തമാക്കുകയും മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ നിയമ നടപടിയും സ്വീകരിച്ചിരുന്നു. എന്നാല്‍ നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാത്രിയുടെ മറവിൽ വാഹനങ്ങളില്‍ മാലിന്യമെത്തിച്ച് നിക്ഷേപിക്കുകയാണ്. ഒഴിഞ്ഞ മദ്യക്കപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് വന്‍തോതില്‍ നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യ നിക്ഷേപം പൊന്മുടി വനമേഖലയുടെ ജൈവ സമ്പത്തിനും വന്യ മൃഗങ്ങള്‍ക്കും ഭീഷണിയായി മാറുന്നുണ്ട്. മാലിന്യം ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നും. മാലിന്യ നിക്ഷേപം തടയിടാന്‍ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.