ഇടുക്കി: വാഗമൺ നിശാപാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത് ഏഴു തരം ലഹരി വസ്‌തുക്കൾ. കഞ്ചാവു മുതൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണു ഇവരിൽ നിന്നു കണ്ടെടുത്തതെന്നും തൊടുപുഴ സ്വദേശി അജ്‌മലാണ് ലഹരി വസ്തുക്കൾ എത്തിച്ചു നൽകിയതെന്നും ഇയാളുടെ ഇതര സംസ്ഥാന ബന്ധങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അറസ്‌റ്റിലായ ഒൻപത് പ്രതികളെ തിങ്കളാഴ്ച കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണം നടത്തുക. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടിയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എക്‌സൈസ് ഇന്‍റലിജൻസിന്‍റെ നീക്കം. ഡോക്ടർമാർ, എൻജിനീയർമാർ, മാനേജ്മെന്റ് വിദഗ്‌ധർ, ഫാഷൻ ഡിസൈനർമാർ തുടങ്ങി നിരവധി പേരാണ് നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ ഇവരുടെ വൈദ്യ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് വിട്ടയാകുകയായിരുന്നു.
ലഹരി മരുന്ന് പാർട്ടിയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ റിസോർട്ടുകളിൽ പരിശോധനകൾ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.