ഇടുക്കി: ശാന്തൻപാറ മേഖലയില്‍ കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയുന്നതിന് നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും രംഗത്ത്. ഏതാനും മാസം മുമ്പ് കോരം പാറയില്‍ ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും തുടരന്വേഷണം എങ്ങുമെത്തിയിട്ടില്ല.
മേഖലയില്‍ ബോധവത്‌കരണം നടത്തുന്നതിന് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഹൈറേഞ്ചിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് കുട്ടികള്‍ക്കെതിരെയുള്ള നിരവധി പീഡന കേസുകളാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതില്‍ എറ്റവും ഒടുവിലത്തേതാണ് പൂപ്പാറയിലെ തേയിലക്കാടിനുള്ളിൽ 15കാരി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായത്. എട്ട് മാസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കോരംപാറയില്‍ ആത്മഹത്യ ചെയ്‌തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിനിരയായതായി വ്യക്തമായിരുന്നു.
ശാന്തന്‍പാറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുന്നതിന് പെണ്‍കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമിടയില്‍ ബോധവത്‌കരണം നടത്തുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗവും വർധിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന ലഹരിയുടെ വരവിന് തടയിടാനും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും പൊതുപ്രവര്‍ത്തകർ മുന്നോട്ട് വയ്‌ക്കുന്നു.
Also Read: പൂപ്പാറ പീഡനം: നാല് പേർ അറസ്റ്റിൽ, രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍