തൃശൂർ/ഇടുക്കി: തൃശൂർ ജില്ലയിലെ വേലൂർ കിരാലൂരിൽ കുറുനരി ശല്യം രൂക്ഷമാകുന്നതായി പരാതി. കിരാലൂർ മുറ്റത്ത് മാമൂട്ടിൽ ബിജുവിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന പോമറേനിയൻ നായക്കുട്ടിക്കും അയൽവാസിയുടെ വീട്ടിലെ വളർത്തു നായക്കും കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തൊട്ടടുത്ത് താമസിക്കുന്ന കാർത്യായിനിയമ്മയുടെ വീട്ടിലെ കോഴികളെയും പൂച്ചകളെയും കടിച്ചു കൊന്നു. ഇവിടെ വഴിയാത്രക്കാരെ കുറുനരി ഓടിച്ചിട്ട് ആക്രമിക്കുന്നതും പതിവ് സംഭവമായി.
എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. കൂട്ടത്തോടെയുള്ള ആളുകളെ കാണുമ്പോൾ കുറുനരി പൊന്ത കാട്ടിൽ ഒളിക്കുകയും വഴിയിലൂടെ തനിച്ചു പോകുന്നവരുടെ ആക്രമിക്കുകയുമാണ് ചെയ്യുന്നത്. 10 ദിവസങ്ങൾക്കു മുമ്പ് പ്രദേശത്തെ സിആർ നമ്പീശൻ, മോഹനൻ എന്നിവർ കുറുക്കന്റെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. സ്ത്രീകൾക്ക് നേരെ കുറുനരി ആക്രമണത്തിന് ശ്രമിച്ചെങ്കിലും ബഹളം വെച്ചതിനെ തുടർന്ന് പരിക്ക് ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
പ്രദേശവാസികൾ ഭീതിയോടെയാണ് ഇപ്പോൾ വഴിയിലൂടെ കാൽനടയായി സഞ്ചരിക്കുന്നത്. കുറുനരി ശല്യത്തിന് ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വേലൂർ പഞ്ചായത്ത് ഓഫീസില്‍ പരാതി നൽകിയിട്ടും അധികൃതർ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കരടിയുടെ ആക്രമണം: ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സത്രത്തിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. വനം വിഭവങ്ങൾ ശേഖരിക്കാൻ പോയ കൃഷ്ണൻ കുട്ടിയെയാണ് കരടി ആക്രമിച്ചത്. പരിക്കേറ്റ കൃഷ്ണൻ കുട്ടിയെ കൂടെയുള്ളവർ സത്രത്തിൽ എത്തിച്ചു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. കൃഷ്ണൻ കുട്ടിയുടെ കൈക്കും, കാലിനുമാണ് പരിക്കേറ്റത്.