ഇടുക്കി: കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനേയും വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎം സുധീരന്‍ കോണ്‍ഗ്രസിൻ്റെ അന്തകനാണെന്നും ആക്ഷേപം. ഒരു ഈഴവനെയെങ്കിലും സ്ഥാനാർഥിയാക്കാൻ ലീഗും കോൺഗ്രസും സമ്മതിച്ചാൽ ഇവർ മതേതര പാർട്ടിയാണെന്ന് പറയാം. ഈ സത്യങ്ങൾ തുറന്നു പറഞ്ഞാൽ താൻ വിദ്വേഷം പരത്തുന്നവൻ എന്ന് ഇരു മുന്നണിയും ആക്ഷേപിക്കുമെന്നും അദ്ദേഹം വിമർശിച്ചു. നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ മന്ദിരത്തിൻ്റ ഉദ്ഘാടനയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ വിദ്വേഷം പരത്തുന്നവനെന്നാരോപിച്ച് കോണ്‍ഗ്രസിൻ്റെ അന്തകനായ വിഎം സുധീരനും രമേശ് ചെന്നിത്തലയും ചേർന്ന് തന്നെ ജയിലിലടക്കാന്‍ ശ്രമിച്ചു. ഹൈക്കോടതി ഉണ്ടായിരുന്നതു കൊണ്ട് മാത്രം തൻ്റെ നിരപരാധിത്തം തെളിഞ്ഞു. ഇപ്പോൾ ആരാണ് വിദ്വേഷം പരത്തുന്നതെന്ന് തനിക്കറിയാമെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ കാലത്തും കോൺഗ്രസ് ഈഴവനോട് വിവേചനം മാത്രമാണ് കാട്ടിയിട്ടുള്ളത്. ഒരു കരയോഗം പ്രസിഡൻ്റിന് ചെന്നിത്തല കൊടുക്കുന്ന പരിഗണനപോലും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായ തനിക്ക് തന്നിട്ടില്ല. ഈഴവൻ സമൂഹിക നീതിക്കായി ജാതി പറയുമ്പോൾ അതിനെ വർഗീയതയായും മറ്റുള്ളവർ ജാതി മാത്രം പറഞ്ഞ് സംഘടിച്ച് രാഷ്ട്രീയ അധികാരം ഉറപ്പിക്കുമ്പോൾ അതിനെ നീതിയുമായി കാണുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.