ഇടുക്കി: വട്ടവടയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്ട്ടികോര്പ്പിന്റെ പച്ചക്കറി സംഭരണകേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ അഴിമതി ആരോപണവുമായി കര്‍ഷകരും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത്. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃഷിവകുപ്പ് മന്ത്രിക്ക് ഉൾപ്പടെ പരാതി നല്‍കി.
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും വട്ടവടയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കൃഷി മന്ത്രിയുടെ ഇടപെടലിലൂടെ വട്ടവടയില്‍ ഹോര്ട്ടികോര്പ്പിന്റെ പച്ചക്കറി സംഭരണ കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ പച്ചക്കറി സംഭരിക്കുന്നതില്‍ അഴിമതി നടത്തുന്നുവെന്നാരോപിച്ചാണ് വട്ടവടയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. ശേഖരിക്കുന്ന പച്ചക്കറികള്‍ക്ക് പലപ്പോഴും ബില്ല് നല്‍കാറില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരെ മാറ്റി നിര്‍ത്തി അഴിമതി അന്വേഷിക്കണമെന്നും സംഭരണ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങാനാണ് വട്ടവടയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.