ഇടുക്കി: അഞ്ച് വര്‍ഷമായിട്ടും പണി പൂര്‍ത്തിയാകാതെ ഉപ്പുതറയിലെ ആധുനിക അറവുശാല. 2014-ൽ സർക്കാർ ഏജൻസിയായ നിർമ്മിതിയുടെ മേല്‍നോട്ടത്തില്‍ ആറു മാസം കൊണ്ട് കെട്ടിടം നിര്‍മിച്ചു. എന്നാല്‍ അറവുശാല തുടങ്ങുന്നതിനായി വേണ്ട സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഒരുക്കാത്തതാണ് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഉപ്പുതറ ഗ്രാമപഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപയും, ശുചിത്വമിഷൻ അനുവദിച്ച 50 ലക്ഷം രൂപയും ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്‍റെ ഷട്ടറുകളും, ജനാലകളും തുരുമ്പെടുത്തു നശിക്കുകയാണ്. പ്രൊജക്‌ട് നൽകിയാൽ അറവുശാലക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങാൻ ഫണ്ട് നൽകാമെന്ന് ശുചിത്വമിഷൻ അറിയിച്ചെങ്കിലും മറുപടി നൽകാൻ പോലും പഞ്ചായത്ത് തയ്യാറായില്ല. പഞ്ചായത്തിന്‍റെ അനാസ്ഥയ്‌ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.