ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗ്യാപ്പ് റോഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ പാറകടത്തുന്നതായ് സൂചന. ഗ്യാപ്പ് റോഡിൽ നിന്നും ഖനനം നടത്തിയ മെറ്റലുമായിയെത്തിയ ടോറസ് ലോറികൾ നെടുങ്കണ്ടത്ത് റവന്യൂ അധികൃതർ പിടികൂടി. ഉടുമ്പൻചോല - ചെമ്മണ്ണാർ റോഡിന്‍റെ നിർമാണത്തിന് കരാറുകാരൻ അനധികൃതമായി എത്തിച്ച ലോഡുകളാണ് ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പിടിച്ചെടുത്തത്.
ദേശീയപാത നിർമാണത്തിന് ഗ്യാപ്പ് റോഡിൽ നിന്നും പൊട്ടിച്ചെടുത്ത് പുത്തടിയിൽ സൂക്ഷിച്ചിരുന്ന മെറ്റലാണ് ലോറികളിൽ എത്തിച്ചത്. ഗ്യാപ്പ് റോഡിൽ നിന്നും പൊട്ടിച്ചെടുത്ത കല്ല് ദേശീയ പാത നിർമാണത്തിന് മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇത് വിൽപന നടത്തുവാനോ മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്ന നിർദേശം നിലനിൽക്കെയാണ് ലോക്ക് ഡൗണിന്‍റെ മറവിൽ മെറ്റൽ കടത്താൻ ശ്രമിച്ചത്. റോഡ് നവീകരണത്തിന്‍റെ മറവിൽ വൻ പാറ ഘനനം നടക്കുന്നതായ് വ്യാപക ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് സംഭവം.
2017 ഓഗസ്റ്റിൽ ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡിന്‍റെ പണി ആരംഭിച്ചത് മുതൽ വിവാദങ്ങളും തലപൊക്കിയിരുന്നു. ദേശീയ നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിന് 381 കോടി രൂപയാണു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാനായിരുന്നു നീക്കമെങ്കിലും ഇപ്പോഴും അനന്തമായ് നീളുകയാണ്. ഇതിനിടെ അന്നത്തെ ദേവികുളം സബ് കലക്ടർ ഡോ. രേണുരാജ് റോഡ് നിർമാണത്തിനെതിരെ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട് നൽകി. റോഡ് നിർമാണം തികച്ചും അശാസ്ത്രീയമാണെന്നും റോഡ് നിർമാണത്തിന്‍റെ മറവിൽ വൻതോതിൽ പാറ പൊട്ടിക്കൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് അടിവരയിടുന്ന സംഭവ വികാസങ്ങളായിരുന്നു സമീപകാലത്ത് ഉണ്ടായത്.
ഏറ്റവും ഒടുവിലത്തെ സംഭവമാണ് നെടുങ്കണ്ടത്ത് ലോക്ക്ഡണിന്‍റെ മറവിൽ മതിയായ രേഖകളില്ലാതെ ഗ്യാപ് റോഡിൽ നിന്നും കടത്താൻ ശ്രമിച്ച മെറ്റലുമായി രണ്ട് ടോറസ് ലോറികൾ റവന്യൂ വകുപ്പ് പിടിച്ചെടുത്തത്. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പിടിച്ചെടുത്ത ലോറികൾ ഉടുമ്പൻചോല പൊലീസിന് കൈമാറി. സംഭവത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് തഹസിൽദാർ അറിയിച്ചു. വാഹന ഉടമകൾ മതിയായ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് നടപടിക്രമങ്ങൾക്ക് ശേഷം ലോറികൾ വിട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.