ഇടുക്കി: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള ഉടുമ്പന്‍ചോല ബഡ്‌സ് സ്‌കൂളിനും റീഹാബിലിറ്റേഷന്‍ സെന്‍ററിനും പുതിയ മന്ദിരം. കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും മന്ത്രി വിതരണം ചെയ്‌തു. ഭിന്നശേഷിക്കാരായ വലിയ വിഭാഗം കുട്ടികള്‍ സമൂഹത്തിലുണ്ട്. അവരുടെ സംരക്ഷണം സര്‍ക്കാരിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്തമാണ്. അതിനാല്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ബഡ്‌സ് സ്‌കൂളിന്‍റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്‌ത് മന്ത്രി പറഞ്ഞു. 30 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 25 ലക്ഷം രൂപ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വിഹിതവും അഞ്ച് ലക്ഷം രൂപ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുമാണ് അനുവദിച്ചത്.
900 അടി ചതുരശ്ര വിസ്‌തീര്‍ണത്തില്‍ ക്ലാസ് റൂം, ഫിസിയോതെറാപ്പി റൂം, ശുചിമുറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനുള്ള കളിപ്പാട്ടങ്ങളും ആധുനിക നിലവാരത്തില്‍ നിര്‍മിച്ചിട്ടുള്ള സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 25 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് ദിവസത്തെ ഷിഫ്റ്റ് പ്രകാരമാണ് ക്ലാസുകള്‍. രണ്ട് സ്‌പെഷ്യല്‍ അധ്യാപകരും ഒരു ഫിസിയോ തെറാപ്പിസ്റ്റും ആയയും ഉള്‍പ്പെടെ നാല് ജീവനക്കാരാണ് ബഡ്‌സ് സ്‌കൂളില്‍ ഉള്ളത്.