ഇടുക്കി: ഒഴുക്കിൽപ്പെട്ട ഞെട്ടലിൽ നിന്ന് മാറാതെ മാങ്കുളം കുറത്തിക്കുടിയിലെ ആദിവാസി സംഘം. ചങ്ങാടത്തില്‍ പുഴ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം ഒഴുക്കില്‍പ്പെട്ടത്. ആറ് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് ചങ്ങാടത്തിലുണ്ടായിരുന്നത്. ആദിവാസി ഊരില്‍ നിന്നും ചങ്ങാടത്തില്‍ പുഴ മുറിച്ച് കടന്ന് വനത്തിനുള്ളില്‍ പോയി കൂവ ശേഖരിച്ച് തിരികെ വരികയായിരുന്നു സംഘം. കയർ പൊട്ടിയാണ് ചങ്ങാടം ഒഴുക്കില്‍പ്പെട്ടത്. ചങ്ങാടം ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ ഒരാളുടെ അവസരോചിതമായി ഇടപെടല്‍ മൂലമാണ് തങ്ങളുടെ ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ഇവർ പറയുന്നു. തങ്ങള്‍ ചങ്ങാടത്തില്‍ തന്നെ പിടിച്ചിരുന്നതായും ഇവർ കൂട്ടിച്ചേർത്തു.
മൊബൈല്‍ കവറേജിന്‍റെയും ഗതാഗത സംവിധാനങ്ങളുടെയും അപര്യാപ്‌തത വിവരങ്ങള്‍ പുറം ലോകമറിയാൻ വൈകിപ്പിച്ചു. വിവരമറിഞ്ഞ് മാങ്കുളത്ത് നിന്ന് ആളുകളും അടിമാലിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസ് സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി ഒമ്പത് പേരെയും രക്ഷിക്കുകയായിരുന്നു.