ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ വ്യാപാര മേഖലക്ക് മാത്രം എന്ന തെറ്റായ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജൂലൈ ആറിന് രാവിലെ 10 മുതൽ അഞ്ചുവരെ കടകൾ അടച്ചിട്ട് വ്യാപാരികൾ ഉപവാസ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഉപവാസ സമരത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ള മുഴുവൻ കടകളും അടച്ചിടുമെന്നും സമിതി അറിയിച്ചു.
കൊവിഡ് മാനദണ്ഡമനുസരിച്ച് എല്ലാ കടകളും എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണം എന്നാണ് വ്യാപാര സമൂഹത്തിൻ്റെ ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ നേതൃത്വം അതത് ജില്ലാ കലക്ടറേറ്റിനു മുന്നിലും യൂണിറ്റ് ഭാരവാഹികൾ അതാത് യൂണിറ്റിലെ പ്രധാന കേന്ദ്രങ്ങളിലും ഉപവാസ സമരം നടത്തും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിൽ കാറ്റഗറി തിരിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന അശാസ്ത്രീയമായി നടപടി ഒഴിവാക്കുക, മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകുക എന്നിവയാണ് വ്യാപാരികൾ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്ന ആവശ്യം
ALSO READ: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മറിച്ച് അഭിപ്രായമില്ലെന്ന് വി.ഡി സതീശന്‍
സാധാരണ വ്യാപാരികൾക്ക് കൊവിഡിൻ്റ പേരിൽ കൂച്ചു വിലങ്ങിട്ട് ഓൺലൈൻ വിതരണക്കാർക്ക് എന്തും യഥേഷ്ടം വിൽക്കാവുന്ന സ്ഥിതി അവസാനിപ്പിക്കുക, ഹോട്ടലുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവധിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികൾ ഉന്നയിക്കുന്നുണ്ട്.
ഇവ കൂടെ ഉൾപ്പെടുത്തിയാണ് സമരം നടത്തുന്നതെന്നും അനുകൂല സമീപനം ഉണ്ടാകുന്നില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.