ഇടുക്കി: മുന്നാർ പെരിയവരയിൽ റോഡരികിൽ കടുവയെ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം ഉണ്ടായ പ്രദേശത്തെ സമീപ മേഖലയിലാണ് കടുവയെ കണ്ടത്. രണ്ട് ദിവസങ്ങളിലായി 10 പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വാഹന യാത്രികര്‍ പെരിയവരയിൽ റോഡരികിൽ കടുവയെ കണ്ടത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ആക്രമണം അതിരൂക്ഷമാണ്. തുടർച്ചയായ ദിവസങ്ങളിൽ കടുവ എത്തിയ നയ്‌മക്കാട് ഈസ്റ് ഡിവിഷനു സമീപമാണ്, കഴിഞ്ഞ രാത്രിയിൽ കടുവയെ കണ്ടെത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ എത്തിയ കടുവയല്ല ഇതെന്നാണ് പ്രാഥമിക നിഗമനം. നയ്‌മക്കാടിൽ ആക്രമണം നടത്തിയത് പെൺ കടുവയാണെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. റോഡരികിൽ കണ്ടത് ആൺ കടുവയാണ്.
നയ്‌മക്കാട് ജനവാസമേഖലയിലെ കടുവയുടെ ആക്രമണത്തില്‍ 10 പശുക്കള്‍ ചത്തതിന് പുറമെ മൂന്ന് കന്നുകാലികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നയ്‌മക്കാടിന് ഒപ്പം കടലാർ, ലാക്കാട് മേഖലകളിലും കടുവയുടെ ആക്രമണം പതിവാണ്.
രണ്ട് വർഷത്തിനുള്ളിൽ 100ലധികം കന്നുകാലികളാണ് ചത്തത്. ജനവാസ മേഖലയിൽ സ്ഥിരമായി കടുവയുടെ ആക്രമണം ഉണ്ടായതോടെ ജനങ്ങൾ വലിയ ആശങ്കയിലാണ്. വനം വകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്, നാട്ടുകാർ മൂന്നാർ ഉദുമല്‍പേട്ട അന്തർസംസ്ഥാന പാത കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു.
വനം വകുപ്പ് മേഖലയിൽ, 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 15 പേരടങ്ങുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞ് വ്യത്യസ്‌ത പ്രദേശങ്ങളിൽ നിരീക്ഷണം നടത്തും. കടുവ പതിവായി എത്തുന്ന വഴി മനസിലാക്കി കൂട് സ്ഥാപിച്ച് കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.