ഇടുക്കി: ജില്ലയിൽ ഏറ്റവും കുറച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്ന സ്‌കൂളാണ് ഖജനാപ്പാറ ഗവണ്‍മെന്‍റ് ഹൈസ്‌കൂൾ. മൂന്ന് വിദ്യാർഥികളാണ് സ്‌കൂളിന്‍റെ ആദ്യബാച്ചിൽ പരീക്ഷയെഴുതുന്നത്. നാല് കിലോമീറ്റർ അകലെ രാജകുമാരി ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലാണ് മൂന്ന് പേർക്കും ഇത്തവണ പരീക്ഷാ സെന്‍റർ അനുവദിച്ചിരിക്കുന്നത്. രഞ്ജിത്ത്, സുദർശൻ, സൂര്യ എന്നിവരാണ് തമിഴ് മീഡിയത്തില്‍ പരീക്ഷയെഴുതുന്നത്.
അടുത്ത വർഷത്തെ തങ്ങളുടെ പിൻഗാമികൾക്ക് സ്വന്തം സ്‌കൂളിൽ പരീക്ഷ എഴുതാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. അടുത്ത വർഷം കൂടുതൽ കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതാനുള്ളതിനാൽ പരീക്ഷാ സെന്‍റര്‍ അനുവദിക്കുമെന്നാണ് അധികൃതരുടെയും ആവശ്യം. പരീക്ഷ എളുപ്പമായിരുന്നുവെന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുമെന്നും വിദ്യാർഥികൾ പറഞ്ഞു. ബൈസൺവാലി മുട്ടുകാട് സ്വദേശികളായ വിദ്യാർഥികളെ അധ്യാപകർ തങ്ങളുടെ വാഹനത്തിൽ സ്‌കൂളിലെത്തിച്ചാണ് പരീക്ഷക്ക് സൗകര്യമൊരുക്കി നൽകുന്നത്. തിരികെ അധ്യാപകരുടെ വാഹനത്തിൽ തന്നെയാണ് വീട്ടിലെത്തിക്കുന്നതും. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ തോട്ടം മേഖലയിലെ മികവ് പുലർത്തുന്ന സ്‌കൂളായി ഖജനാപ്പാറ ഹൈസ്‌കൂളിനെ മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സ്‌കൂൾ അധികൃതര്‍.