ഇടുക്കി: രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. ഇന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തമുഖത്ത് നിന്നും 14 കിലോമീറ്ററോളം അകലെ ഭൂതക്കുഴി എന്ന സ്ഥലത്ത് പുഴയോരത്ത് തങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൗശിക (18), ശിവരഞ്ജിനി (15), മുത്തുലക്ഷ്‌മി (26) എന്നിവരുടേതായിരുന്നു മൃതദേഹങ്ങൾ. മുത്തുലക്ഷ്‌മി ഗർഭിണിയായിരുന്നു. ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
മൂന്നാർ ഗ്രാമപഞ്ചായത്തിൻ്റെ എമർജൻസി റെസ്പോൺസ് ടീമും തിരച്ചിലിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. ദുർഘടമായ ഭൂതക്കുഴി ഭാഗത്തെ തിരച്ചിൽ ജോലികൾക്ക് പഞ്ചായത്തിൻ്റെ എമർജൻസി റെസ്പോൺസ് ടീമിൻ്റെ സാന്നിധ്യം ഏറെ സഹായകരമായി. പുലിയുടേതടക്കമുള്ള വന്യജീവി സാന്നിധ്യം ഈ മേഖലയിലെ തിരച്ചിൽ ജോലികൾക്ക് വെല്ലുവിളി ഉയർത്തുന്നതായാണ് വിവരം. പ്രദേശവാസികളുടെ സഹായവും തിരച്ചിൽ ജോലികൾക്ക് കരുത്ത് പകരുന്നു. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പെട്ടിമുടിയിൽ ഉണ്ട്. മഴ മാറി നിന്നത് തിരച്ചിൽ ജോലികൾക്ക് അനുകൂല ഘടകമായി. ട്രിച്ചി ഭാരതി ദാസന്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ജോഗ്രഫി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സിലെ നാലംഗ സംഘത്തിന്‍റെ സേവനം കഴിഞ്ഞ മൂന്ന് ദിവസമായി റഡാര്‍ പരിശോധനയ്ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.