ഇടുക്കി : ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറിൽ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. രാവിലെ ആറ് മണിമുതൽ ആരംഭിച്ച തിരച്ചിലിൽ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്. ഒരു പുരുഷന്‍, രണ്ട് ആണ്‍കുട്ടികള്‍, ഒരു സ്ത്രീ, രണ്ട് പെണ്‍കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.
ചേരിപ്പുറത്ത് സിയാദിൻ്റെ ഭാര്യ ഫൗസിയ (28), മക്കളായ അംന (7), മകൻ അമീൻ (10 ), കല്ലുപുരയ്ക്കൽ ഫൈസലിൻ്റെ മക്കളായ അഫ്‌സാര (8), അഹിയാൻ (4), കൊക്കയറിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട ചിറയിൽ ഷാജിയുടെ (55) മൃതദേഹം കോട്ടയം മുണ്ടക്കയത്ത് നിന്നും കണ്ടെത്തി. പുതുപ്പറമ്പിൽ ഷാഹുലിൻ്റെ മകൻ സച്ചു ഷാഹുലിനെ (7) നെയും ഒഴുക്കിൽപ്പെട്ട ചേപ്ലാംകുന്നേല്‍ ആന്‍സി സാബു(50)വിനെയുമാണ് കണ്ടെത്താനുള്ളത്.
മഴയെ വകവയ്ക്കാതെ നടക്കുന്ന തെരച്ചിൽ പ്രവർത്തനങ്ങൾ ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ല ഡെവലപ്പ്മെൻ്റ് കമ്മിഷണർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം ഷൈജു പി, ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുരോഗമിക്കുകയാണ്.
അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളും കെട്ടിപ്പിടിച്ചുകിടക്കുന്ന നിലയിലായിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇനി നാല് പേരെ കണ്ടെത്താനുണ്ട്.
ALSO READ: കണ്ണീരായി കുട്ടിക്കല്‍; 11 പേരുടെ മൃതദേഹം കൂടി കണ്ടെത്തി
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് വീണ്ടും മഴ ശക്‌തമായിരിക്കുന്നത് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി. സമീപത്ത് മറ്റ് മൃതദേഹങ്ങൾ ഉണ്ടോയെന്നത് സംബന്ധിച്ച പരിശോധന പുരോഗമിക്കുകയാണ്.