ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്‌ടറെ വിജിലൻസ് പിടികൂടി. ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ആണ് അറസ്റ്റിലായത്. ഗർഭപാത്രം നീക്കം ചെയ്‌ത വഴിത്തല ഇരുട്ടുതേട് സ്വദേശിയായ യുവതിക്ക് തുടർ ചികിത്സ നൽകുന്നതിനാണ് ഡോക്‌ടർ 5000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി ആവശ്യപ്പെട്ട വിവരം യുവതി വിജിലൻസിനെ അറിയിച്ചു. തുടർന്ന് കൈക്കൂലി നൽകുന്നതിനിടയിൽ വിജിലൻസ് വനിത ഡോക്‌ടറെ തന്ത്രപരമായി പിടികൂടുകയായിരുന്നു. കൂത്താട്ടുകുളം പാലക്കുഴയിലുള്ള വീട്ടിലെ കൺസൾട്ടിങ് റൂമിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ പിടിയിലായത്.
തുടർ ചികിത്സയ്‌ക്ക് കൈക്കൂലി: ഡോക്‌ടറുടെ വീട്ടിലെത്തിയാണ് യുവതി ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്ക്കുള്ള ഫീസെന്ന പേരിൽ 500രൂപ ഇവരിൽ നിന്ന് വാങ്ങി. തുടർന്ന് ഡിസംബർ 19ന് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്‌തു. തുടർ ചികിത്സ നൽകണമെങ്കിൽ 5000രൂപ നൽകണമെന്ന് ഡോക്‌ടർ യുവതിയോട് ആവശ്യപ്പെട്ടു.
ഇതോടെയാണ് യുവതി വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നൽകിയ 3500രൂപ പരാതിക്കാരി ഡോക്‌ടറുടെ വീട്ടിൽ എത്തിച്ചു. പണം വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ പിടിയിലാകുന്നത്. ഇന്ന് ഡോക്‌ടറെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്‍പി ഷാജു ജോസ്, സിഐമാരായ ഡിപ്‍സണ്‍ തോമസ്, മഹേഷ് പിള്ള, കെ ആര്‍ കിരണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡോക്‌ടറെ പിടികൂടിയത്.