ഇടുക്കി: വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന തൊടുപുഴയാറു പോലെയാണ് തൊടുപുഴയുടെ മനസും. തൊടുപുഴയുടെ രാഷ്‌ട്രീയ ചരിത്രത്തിനൊപ്പം കേരള കോൺഗ്രസും പി.ജെ. ജോസഫും തെളിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1957 മുതൽ 15 തെരഞ്ഞെടുപ്പുകളിൽ ഒൻപതു തവണയും പി.ജെ. ജോസഫിനെയാണ് തൊടുപുഴയിലെ ജനങ്ങൾ പിന്തുണച്ചത്. കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷവും ജോസഫ് സ്വന്തമാക്കി. കേരള കോൺഗ്രസ് വഴി പിരിഞ്ഞപ്പോൾ ഇത്തവണ ജോസഫിനെ നേരിടാൻ എൽ.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത് കേരള കോൺഗ്രസ് (എം) നേതാവ് കെ.ഐ. ആന്‍റണിയെന്ന പഴയ അധ്യാപകനെയാണ്. അതേ സമയം എ.ബി.വി.പി നേതാവായ പി.ശ്യാംരാജിനെ എൻ.ഡി.എ രംഗത്തിറക്കിയതോടെ പോരാട്ടം കനക്കുകയാണ് തൊടുപുഴയിൽ.
കേരള കോൺഗ്രസെന്ന പേരും ട്രാക്‌ടർ ഓടിക്കുന്ന കർഷകനെയും ഒപ്പം ചേർത്തതോടെ ആശ്വാസത്തിലും ആത്മവിശ്വാസത്തിലുമാണ് പി.ജെ ജോസഫ്. കൊവിഡ് മുക്തനായി തൊടുപുഴയിൽ തിരിച്ചെത്തി മണ്ഡലത്തിൽ സജീവമായിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. വിശ്രമം ആവശ്യമാണെന്നിരിക്കെ പകൽ സമയങ്ങളിൽ പാലത്തിനാൽ വീട്ടിൽ തന്നെയുള്ള അദ്ദേഹം മണ്ഡലത്തിലെ എല്ലാ പരിചയക്കാരെയും ഫോണിൽ നേരിട്ടു വിളിക്കും. കേരളത്തിലെ തലപ്പൊക്കമുള്ള നേതാവ് വോട്ടിനായി നേരിട്ട് വിളിക്കുമ്പോൾ വോട്ടർമാരും ഹാപ്പി. പ്രചാരണം സാധാരണ രീതിയിൽ തന്നെ മതിയെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. അതേ സമയം ഇത്തവണയും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
എന്നാൽ കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടിലയും കൈയില്‍ ഉണ്ടെന്നതാണ് എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഐ ആന്‍റണിയുടെ തുറുപ്പ് ചീട്ട്. മണ്ഡലത്തിൽ പരിചിതമായ മുഖമായതിനാൽ ജനങ്ങളുടെ പിന്തുണയും ഒപ്പമുണ്ടാകുമെന്നാണ് അദ്ദേഹം കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പി.ജെ. ജോസഫിനു വേണ്ടിയും അദ്ദേഹം തേരു തെളിയിച്ചിട്ടുമുണ്ട്. എന്നാൽ അധ്യാപകനെന്ന നിലയിൽ ആന്‍റണിക്ക് ശിഷ്യൻമാരുമായുള്ള ബന്ധം ഗുണമേകുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. അതിനാൽ തന്നെ ഇത്തവണ അരയും തലയും മുറുക്കിയാണ് കേരള കോൺഗ്രസ് (എം) കളത്തിലിറങ്ങിയിരിക്കുന്നത്.
വെള്ളക്കയത്തെ ഒരു ചെറിയ വീട്ടിൽ നിന്ന് ദേശീയ രാഷ്‌ട്രീയത്തിലേക്ക് ചുവടു വച്ച വിദ്യാർഥി നേതാവാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ശ്യാംരാജ്. ഒരു പട്ടിക വർഗ കുടുംബത്തിൽ ജനിച്ച് വളർന്ന് പട്ടിണിയോടു പൊരുതിയാണു ശ്യാംരാജ് ജീവിത വഴികളിൽ മുന്നേറിയത്. രാഷ്‌ട്രീയ പ്രതിസന്ധികളെ അതിജീവിച്ച് ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള തൊടുപുഴയിൽ ഈ യുവ സാരഥിക്ക് തെരഞ്ഞെടുപ്പിൽ പൊരുതി ജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചപ്പോൾ യു.ഡി.എഫിനൊപ്പം നിന്നത് തൊടുപുഴ മണ്ഡലമായിരുന്നു. 12 പഞ്ചായത്തുകളിൽ ഒൻപതും ലഭിച്ചത് യു.ഡി.എഫിനാണ്. എന്നിരുന്നാലും മാണി വിഭാഗത്തിന്‍റെ വരവോടെ കരുത്തു കാട്ടാം എന്നാണു എൽ.ഡി.എഫ് കരുതുന്നത്. എന്നാൽ പതിനൊന്നാം അങ്കത്തിനിറങ്ങുന്ന ജോസഫിന് മണ്ഡലം നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ.