ഇടുക്കി: കേരളത്തിലെ പരമ്പരാഗത തൊഴില്‍ മേഖലയായ കള്ളുചെത്ത് വ്യവസായം പ്രതിസന്ധിയില്‍. മികച്ച വരുമാനം ലഭിക്കുന്നുണ്ടെങ്കിലും പുതിയ തലമുറ ഈ തൊഴിലിലേക്ക് കടന്നു വരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഷാപ്പ് ഉടമകള്‍ പറയുന്നു. ഹൈറേഞ്ചിലടക്കം റേഞ്ചുകള്‍ ലേലത്തില്‍ പിടിക്കാന്‍ വലിയ മത്സരമാണ് നടന്നിരുന്നത്. എന്നാല്‍ ഇന്ന് ലേലത്തിലൂടെ ഏറ്റെടുത്തത് നടത്താൻ ആളില്ലാത്ത അവസ്ഥയാണ്. ലേലം പിടിച്ചവര്‍ കലാവധി കഴിഞ്ഞ് കിട്ടിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണുള്ളത്. ദിവസേന നാലായിരം രൂപ വരെ വരുമാനം ഉണ്ടാക്കുവാൻ സാധിക്കുന്ന തൊഴിലാണിതെന്നും മെച്ചപ്പെട്ട വരുമാനത്തിനൊപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു.
അളക്കുന്ന കള്ളിന് അനുസരിച്ച് നല്ല വരുമാനം തൊഴിലാളിക്ക് ലഭിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ എണ്ണക്കുറവ് ഉല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതോടൊപ്പം വിദേശ മദ്യഷാപ്പുകളുടെ കടന്നുവരവും കള്ള് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും കടുത്ത പ്രതിസന്ധിയാണ് ഈ മേഖലയിൽ നേരിടുന്നതെന്നും ഷാപ്പുടമകൾ പറയുന്നു. വീര്യം കൂടിയ വിദേശ മദ്യം വിറ്റഴിക്കുന്ന ഔട്ട് ലെറ്റുകള്‍ ടൗണിലും മറ്റും പ്രവര്‍ത്തിക്കുമ്പോള്‍ ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ്. ഇതും കള്ള് വില്‍പനയ്ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും ഷാപ്പുടമകൾ ആവശ്യപ്പെട്ടു.