ഇടുക്കി: കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തമിഴ്‌നാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ദിവസം തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ശാന്തമ്പാറ ചേരിയാരിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന് ശേഷം കഴിഞ്ഞ എട്ടാം തീയതി തമിഴ്‌നാട്ടിലെത്തിയ പഞ്ചായത്ത് മെമ്പർ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതിയിലുള്ളത്.
സിപിഎം പ്രവര്‍ത്തകരുടെ മർദനത്തിൽ നിന്നും തമിഴ്‌നാട് പൊലീസാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിച്ച് തിരികെ അയച്ചതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം ശാന്തമ്പാറ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വിഷയത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തമ്പാറ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു.
കള്ളവോട്ട് തടഞ്ഞതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നും എം എം മണിയുടെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
കൂടുതൽ വായനക്ക്: ഉടുമ്പൻചോലയിൽ വ്യാപക കള്ളവോട്ടെന്ന് ഡീന്‍ കുര്യാക്കോസ്