ഇടുക്കി: ലോക്ക് ഡൗണ്‍ കാലത്ത് വില്‍പനക്കായി തയ്യാറാക്കിയ 925 ലിറ്റര്‍ കോട വെള്ളത്തൂവല്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് പിടിയിലായി. പൊലീസുമായി ഉണ്ടായ മല്‍പ്പിടുത്തത്തിനിടയില്‍ സംഭവസ്ഥലത്തു നിന്നും രണ്ട് പേര്‍ രക്ഷപ്പെട്ടു. വാറ്റ് സംഘത്തിന്‍റെ പക്കല്‍ നിന്നും വാറ്റുപകരണങ്ങളും രണ്ട് ഇരുചക്രവാഹനങ്ങളും എയര്‍ഗണ്ണും പൊലീസ് പിടിച്ചെടുത്തു.
ആനച്ചാല്‍ തോക്കുപാറക്ക് സമീപമുള്ള ഏലത്തോട്ടത്തിലെ താല്‍ക്കാലിക ഷെഡിലായിരുന്നു വ്യാജവാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ച് വന്നിരുന്നത്. ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വാറ്റ് കേന്ദ്രത്തില്‍ എത്തി. ഇവിടെ മണ്ണിനടിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിധമായിരുന്നു വാറ്റ് സംഘം കോട നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് രാജാക്കാട് സ്വദേശി ജിബിനെ കസ്റ്റഡയില്‍ എടുത്തു. ജിബിനൊപ്പമുണ്ടായിരുന്ന തോക്കുപാറ സ്വദേശി സണ്ണി,രാജാക്കാട് സ്വദേശി ബാബുകുട്ടന്‍ എന്ന് വിളിക്കുന്ന സുരേഷ് എന്നിവര്‍ പൊലീസിനെ വെട്ടിച്ച് ചാരായവുമായി രക്ഷപ്പെട്ടു. പിടിയിലായ ജിബിന്‍ പരിശോധന സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ചുവെന്നും ഈ തക്കം നോക്കി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും വെള്ളത്തൂവല്‍ സബ് ഇന്‍സ്‌പെക്ടര്‍ എംവി സ്‌കറിയ പറഞ്ഞു.ചാരായവുമായി രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.