ഇടുക്കി: നിശാ പാർട്ടി നടത്തി വിവാദത്തിലായ തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലെന്ന് ആരോപണം. അനധികൃതമായി ഖനനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയ സർക്കാർ ഭൂമിയിലാണ് ക്രഷർ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ക്രഷർ യൂണിറ്റിന്‍റെ പ്രവർത്തനത്തിന് അനുമതി ലഭിച്ചിട്ടുണ്ടോയെന്നതിലും വ്യക്തതയില്ലെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സേനാപതി വേണു പറഞ്ഞു.
സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ കൂടുതല്‍ ഖനനം നടന്നതിനെ തുടർന്ന് 2017ല്‍ അനധികൃത ഖനനത്തിനെതിരെ ചതുരംഗപാറയിലെ തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷർ യൂണിറ്റ് ഉൾപ്പെടെ നാല് ക്രഷർ യൂണിറ്റുകൾക്ക് എതിരെ സബ് കലക്ടര്‍ റിപ്പോർട്ട് നൽകിയിരുന്നു. സര്‍വേ നമ്പര്‍ 39/21ല്‍ ഉള്‍പ്പെട്ട രണ്ട് ഏക്കര്‍ സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയാണ് മുമ്പ് പാറ ഖനനത്തിനായി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയിരുന്നത്. 2017ല്‍ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ പാറ ഇവിടെ നിന്നും ഖനനം ചെയ്തതായി കണ്ടെത്തിയിരുന്നു. 74000 ഖന മീറ്റര്‍ പാറയാണ് ഇവിടെ നിന്നും അനധികൃതമായി ഖനനം നടത്തിയത്. ഇത് സംബന്ധിച്ച് അന്നത്തെ സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിർദേശം നല്‍കിയത്.
ഇത്തരത്തില്‍ അനധികൃത പ്രവര്‍ത്തനം നടത്തിയതിന് അടച്ച് പൂട്ടിയ ക്വാറി ക്രഷര്‍ യൂണിറ്റിനെന്ന പേരില്‍ തുറന്നിരിക്കുന്നത് സര്‍ക്കാര്‍ അനുമതിയോടെയല്ലെന്നും രാഷ്ട്രീയ പിന്‍ബലവും പണത്തിന്‍റെ സ്വാധീനവും ഉപയോഗിച്ചണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത് എന്നും കോൺഗ്രസ് ആരോപിച്ചു. ക്രഷറിന്‍റെ മറവില്‍ പാറഖനനത്തിനാണ് നീക്കം. പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പാറമടയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.