ഇടുക്കി : ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്ലാത്തതിനെ തുടർന്ന് ഉടുമ്പന്‍ചോലയിലെ തമിഴ് മീഡിയം കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധിയിലായിരിക്കുകയാണ്. നെടുങ്കണ്ടം ഉപജില്ലയിലെ മൂന്ന് തമിഴ് മീഡിയം ഹൈസ്‌കൂളുകളില്‍ ഒരിടത്തും ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്ല. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം, പ്ലസ്‌ടു പഠനത്തിനായി നൂറിലധികം കിലോമീറ്ററുകള്‍ ദിവസേന സഞ്ചരിയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഉടുമ്പന്‍ചോല താലൂക്കിലെ തമിഴ് ഭൂരിപക്ഷ മേഖലകളായ കജനാപ്പാറ, ഉടുമ്പന്‍ചോല, പാറത്തോട് എന്നിവിടങ്ങളില്‍ തമിഴ് മീഡിയം ഹൈസ്‌കൂളുകളുണ്ട്. മൂന്ന് സ്‌കൂളുകളിലുമായി ഓരോ വര്‍ഷവും 100ഓളം കുട്ടികളാണ് എസ്എസ്എല്‍സി എഴുതുന്നത്. എന്നാല്‍ ഹയര്‍ സെക്കൻഡറി പഠനത്തിനായി മൂന്നാര്‍, പീരുമേട് മേഖലകളിലെയോ തമിഴ്‌നാട്ടിലെയോ സ്‌കൂളുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
രാവിലെയും വൈകിട്ടുമായി നൂറിലധികം കിലോമീറ്ററുകള്‍ സഞ്ചരിക്കുകയോ ഹോസ്റ്റലുകളെ ആശ്രയിക്കുകയോ ചെയ്യണം. മേഖലയിലെ മറ്റ് ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ രണ്ടാം ഭാഷയായി തമിഴ് തെരഞ്ഞെടുക്കാന്‍ സൗകര്യം ഇല്ലാത്തതും തമിഴ് അറിയാവുന്ന അധ്യാപകര്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. നെടുങ്കണ്ടം ഉപജില്ലയിലെ ഏതെങ്കിലും ഒരു തമിഴ് മീഡിയം സ്‌കുളില്‍ ഹയര്‍ സെക്കൻഡറി ബാച്ച് അനുവദിച്ചാല്‍, പ്രതിസന്ധിക്ക് പരിഹാരമാകും.
ഉടുമ്പന്‍ചോല സർക്കാർ സ്‌കൂളിലെ യുപി വിഭാഗം കുട്ടികളും പ്രതിസന്ധിയിൽ: ഇടുക്കി ഉടുമ്പന്‍ചോല ഗവണ്‍മെന്‍റ് തമിഴ് മീഡിയം സ്‌കൂളിലെ യുപി വിഭാഗം കുട്ടികളും പ്രതിസന്ധി നേരിടുകയാണ്. പൊതുവിദ്യാലയത്തില്‍ ഫീസ് നല്‍കി പഠിക്കേണ്ട അവസ്ഥയിലാണ് ഉടുമ്പന്‍ചോല ഗവണ്‍മെന്‍റ് തമിഴ് മീഡിയം സ്‌കൂളിലെ യുപി വിഭാഗത്തിലെ കുട്ടികള്‍. എല്‍പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് അംഗീകാരം ഉണ്ടെങ്കിലും യുപി വിഭാഗം അണ്‍ എയ്‌ഡഡ് ആണ്.
തോട്ടം മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഉടുമ്പന്‍ചോല ഗവണ്‍മെന്‍റ് തമിഴ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികൾ. അണ്‍ എയ്‌ഡഡായ യുപി വിഭാഗം പിടിഎയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. അംഗീകാരം ഇല്ലാത്തതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് പാഠപുസ്‌തകവും ഉച്ചഭക്ഷണവും യൂണിഫോമും സൗജന്യമായി ലഭിക്കുന്നില്ല. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിനായി പിടിഎ നിയമിച്ച ഒരു അധ്യാപിക മാത്രമാണ് സ്‌കൂളിൽ ഉള്ളത്.
1999-ലാണ് ഉടുമ്പന്‍ചോലയില്‍ തമിഴ് മീഡിയം എല്‍പി സ്‌കൂള്‍ ആരംഭിച്ചത്. 2005-ല്‍ പിടിഎയുടെ നേതൃത്വത്തില്‍ അണ്‍ എയ്‌ഡഡായി യുപി വിഭാഗം ആരംഭിച്ചു. 2009ല്‍ സ്‌കൂളിനെ ഹൈസ്‌കൂളായും ഉയര്‍ത്തി. യുപി വിഭാഗത്തിന്‍റെ അംഗീകാരം പിന്നീട് പരിഗണിക്കാം എന്നായിരുന്നു അധികാരികൾ ഉറപ്പ് നൽകിയത്.
2015ല്‍ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ട് നടപടികള്‍ വേഗത്തില്‍ ആക്കാന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പും ലഭിച്ചു. എന്നാൽ ഉറപ്പ് ലഭിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും വിഷയത്തിൽ ഉണ്ടായില്ല. യുപി വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി കുട്ടികളില്‍ നിന്ന് 250 രൂപ ഫീസായി ഈടാക്കുന്നു.
ഇത് കൂടാതെ, പുസ്‌തകങ്ങള്‍ക്കും കുട്ടികളുടെ മറ്റ് പഠന ആവശ്യങ്ങള്‍ക്കും പണം മുടക്കണം. ഇത് ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മികച്ച ആറ് ക്ലാസ് മുറികൾ ഉൾപ്പെടെ യുപി വിഭാഗത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്‌കൂളിലുണ്ട്. അംഗീകാരം ഇല്ലാത്തതിനാല്‍ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും കുറഞ്ഞുവരികയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 75ലധികം വിദ്യാര്‍ഥികള്‍ എത്തേണ്ട സ്ഥാനത്ത് ഇത്തവണ 44 കുട്ടികളാണ് എത്തിയത്.