ഇടുക്കി: ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മൂന്ന് പഞ്ചായത്തുകളിലെ 80 തിലധികം പന്നികളെ ഇന്നലെ കൊന്നൊടുക്കി. പന്നിപ്പനി കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്നും പന്നികളെ കടത്തികൊണ്ട് പോകാതിരിക്കാന്‍ വകുപ്പ് പൊലീസിന്‍റെ സഹായം തേടി.
കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി,കൊന്നത്തടി പഞ്ചായത്തുകളിലെ രോഗം സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. എന്നാൽ ഇതിനിടെ ഫാമുകളിൽ നിന്ന് പന്നികളെ മാറ്റിയതായും സൂചനയുണ്ട്. ഹൈറേഞ്ചിലടക്കം നിരവധിയിടങ്ങളിൽ രോഗം വ്യാപിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് പറഞ്ഞു.
പന്നികള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന നിര്‍ദേശം. വിപണി വിലയുടെ 80 ശതമാനം നഷ്‌ടപരിഹാരമായി നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് പന്നികളെ കൊല്ലുന്നത്.