ഇടുക്കി: ഓണത്തിരക്കില്‍ കൊവിഡ് പ്രതിരോധം ഉറപ്പാക്കാൻ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കി ജില്ലാ കലക്ടര്‍. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശക രജിസ്റ്ററും സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി ഹെല്‍ത്ത് രജിസ്റ്ററും സൂക്ഷിക്കണം. സാനിറ്റൈർ നിര്‍ബന്ധമാക്കണമെന്നും വലിയ കടകളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരതാപനില പരിശോധിച്ച ശേഷമേ ഉപഭോക്താക്കളെ കടയില്‍ പ്രവേശിപ്പിക്കാവു എന്നും നിർദേശം നൽകി.
മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാത്തവരെ കടകളുടെ അകത്ത് പ്രവേശിപ്പിക്കരുതെന്നും വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ വസ്ത്രങ്ങൾ സ്പര്‍ശിക്കാനോ ധരിച്ചു നോക്കാനോ പാടില്ലെന്നും സ്ഥാപനത്തിനുള്ളില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. വിലക്കിഴിവില്‍ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് വിൽക്കുന്നത് ഒഴിവാക്കണമെന്നും ഓണം ഓഫറിന്‍റെ ദിവസങ്ങള്‍ കൂട്ടണമെന്നും നിർദേങ്ങളിൽ പറയുന്നു.
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ലിസ്റ്റ് ലഭ്യമാക്കിയാല്‍ ജീവനക്കാര്‍ക്കായി കൊവിഡ് ടെസ്റ്റ് നടത്തും. ഞായറാഴ്ചകളില്‍ പ്രത്യേക ലോക്ക്ഡൗണ്‍ ഇല്ല. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. വഴിയോര കച്ചവടക്കാര്‍ക്കായി പ്രത്യേക കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു.
കലക്ടറേറ്റിൽ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍ക്കൊപ്പം ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ വ്യാപാര സംഘടനാ നേതാക്കള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.