ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡ്യൂട്ടിക്ക് നിയമിക്കുന്ന ജീവനക്കാരുടെ ഘട്ടം റാന്‍ഡമൈസേഷന്‍ ജില്ലാ കലക്‌ടര്‍ എച്ച്.ദിനേശന്‍ നിര്‍വഹിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട് നിയമന ഉത്തരവുകള്‍ ജീവനക്കാര്‍ക്ക് ലഭിച്ചുവെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണം. ജീവനക്കാര്‍ കൃത്യമായി പരിശീലന ക്ലാസുകളിലും ഇലക്ഷന്‍ ഡ്യൂട്ടിക്കും ഹാജരാകണമെന്നും കലക്‌ടർ അറിയിച്ചു.
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ് ജീവനക്കാരുടെ നിയമന ഉത്തരവുകൾ താലൂക്കുകളില്‍ നിന്നും വിതരണം ചെയ്തു തുടങ്ങി. പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള ട്രെയിനിങ് ക്ലാസുകള്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കും. ജില്ലയിൽ നിലവിലുള്ള 1003 ബൂത്തുകളോടൊപ്പം 289 ഓക്‌സിലറി ബൂത്തുകള്‍ ചേര്‍ന്ന് ഇക്കുറി 1292 പോളിങ് ബൂത്തുകളാണുള്ളത്. കൊവിഡ് പശ്ചാത്തലത്തിലാണ് 1000 വോട്ടര്‍മാരില്‍ കൂടുതല്‍ വരുന്ന ബൂത്തുകളെ വിഭജിച്ച് ഓക്‌സിലറി ബൂത്തുകള്‍ രൂപീകരിക്കുന്നത്. ഉടുമ്പഞ്ചോല- 39, ദേവികുളം- 59, തൊടുപുഴ- 55, ഇടുക്കി- 78, പീരുമേട്- 58 എന്നിങ്ങനെയാണ് ജില്ലയിലെ ഓക്‌സിലറി ബൂത്തുകൾ.