ഇടുക്കി: മൂന്നാര്‍ ഹൈ ആൾട്ടിറ്റ്യൂഡ് സെന്‍ററിനെ രാജ്യത്തെ ഏറ്റവും മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് സെന്‍ററാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ. സെന്‍ററിന്‍റെ ഭാഗമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മൈതാനവും നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്നാറിലെയും നെടുങ്കണ്ടത്തെയും ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയങ്ങളിൽ അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ വാർത്തെടുക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. വിദേശ താരങ്ങൾക്ക് അടക്കം ഇവിടെ പരിശീലനം സാധ്യമാക്കും. സെന്‍ററുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ ആലോചിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിൽ നിന്നുമുള്ള കായിക താരങ്ങൾക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുമെന്നും കായിക മന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുങ്കണ്ടത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ പുതിയ വോളിബോൾ കോർട്ട് നിർമ്മിക്കും. ജില്ലയിൽ ഗോൾഫ് സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
also read: ഇടുക്കി റോഡ്: കരാറുകാരുടെ വീഴ്ചയെന്ന് തോമസ് ഐസക്ക്
ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തിയാവും കൂടുതൽ കായിക പദ്ധതികൾ ജില്ലയിൽ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എംഎം മണി എംഎൽഎയും ജനപ്രതിനിധികളും കായിക മന്ത്രിയോടൊപ്പമുണ്ടായിരുന്നു.