ഇടുക്കി: ചരിത്രം പഠിക്കാനുള്ള താല്‍പര്യം കൊണ്ട് സ്വന്തം വീട് മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് കട്ടപ്പന സ്വദേശി ടോമി. രാജഭരണകാലത്തെ വാളുകളും, അമൂല്യമായ താളിയോലഗ്രന്ഥങ്ങളും, നാണയങ്ങളും നിറഞ്ഞിരിക്കുന്ന മ്യൂസിയം കാഴ്ച്ചക്കാർക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. പഴമ ഉണര്‍ത്തുന്ന കൃഷി ഉപകരണങ്ങൾ, ആയുധങ്ങൾ, ഓട്ടുപാത്രങ്ങൾ, താളിയോലകൾ, നാണയങ്ങൾ തുടങ്ങി മൂന്ന് പതിറ്റാണ്ട് മുമ്പുള്ള ബ്രിട്ടീഷ് ഭരണകാലത്തെ വാൾ വരെ ടോമിയുടെ കൊച്ചുമ്യൂസിയത്തിൽ ഉണ്ട്.
വിവിധരാജ്യങ്ങളിലെ അപൂർവ നാണയങ്ങളും, വിക്ടോറിയ രാജ്ഞിയുടെ മുഖം പതിപ്പിച്ച മുദ്രപത്രവും ഇവിടെയുണ്ട്. ഈ വലിയ ശേഖരത്തിന് പിന്നില്‍ കാലങ്ങളായുള്ള പ്രയത്നമാണുള്ളത്. പാകിസ്‌താനിലെ ലാഹോറിൽ നിന്നും കൊണ്ടുവന്ന 150 വർഷം പഴക്കമുള്ള ഖുർആൻ, മരത്തിന്‍റെ കറ ഉപയോഗിച്ച് എഴുതിയ 110 വർഷം പഴക്കമുള്ള ബൈബിൾ, താളിയോലയിൽ എഴുതിയ രാമായണം എന്നിവയും ടോമിയുടെ ശേഖരത്തിലുണ്ട്. പത്ത് വർഷത്തിലധികം പഴക്കമുള്ള ടോമിയുടെ പുരാവസ്‌തു ശേഖരത്തിന് പൂര്‍ണപിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.