ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും ഷാഹിദാ കമാൽ പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചത്. മുഖ്യമന്ത്രി ഞായറാഴ്ച കുടുംബത്തെ ഫോണിൽ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു. കേസിന്‍റെ തുടർ നടപടികൾ കമ്മിഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ സന്ദർശന വേളയിൽ പറഞ്ഞു.
വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് സ്വദേശികളുടെ മകളായ ആറ് വയസുകാരിയാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ പ്രതി അര്‍ജുനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവ് എടുത്തപ്പോൾ മൂന്ന് വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതി മൊഴി നൽകിയിരുന്നു.
ഷാഹിദ കമാലിന്‍റെ വിവാദ പോസ്റ്റ്
അതേസമയം ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍' എന്ന കുറിപ്പോടെ ചിരിക്കുന്ന ചിത്രം വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് വിവാദമായിരുന്നു. എന്നാൽ ദുഖങ്ങള്‍ മറച്ചുവച്ച് ചിരിക്കാന്‍ ശ്രമിക്കുന്നയാളാണ് താനെന്നും സുഹൃത്തുക്കള്‍ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചെന്നും ഷാഹിദ കമാൽ വിശദീകരണം നൽകി.
Also read: വണ്ടിപ്പെരിയാർ പീഡനം; കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി