ഇടുക്കി: ഇടുക്കി എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. തളിപ്പറമ്പ് തൃച്ചംബരം സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ എസ്എഫ്ഐ- കെഎസ്‌യു സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ക്യാമ്പസിനു പുറത്ത് ജില്ല പഞ്ചായത്ത് ഓഫിസിന്‍റെ മുൻപിലാണ് ആക്രമണം നടന്നത്. പുറത്തു നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. മണിയാറാൻ കുടി സ്വദേശിയുടെ കുത്തേറ്റാണ് ധീരജ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഘർഷത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ വിദ്യാർഥികൾ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തിരുവനന്തപുരം പാലോട് സ്വദേശിയായ എൽഐസി ഏജന്‍റ് രാജേന്ദ്രന്‍റെയും കുടിയാമല അരീക്കമല സ്വദേശിയും കൂവോട് ആയുർവേദ ആശുപത്രിയിൽ ജീവനക്കാരിയുമായ പുഷ്‌കലയുടേയും മകനാണ് കൊല്ലപ്പെട്ട ധീരജ്. അനുജൻ അദ്വൈത് സർസയ്യിദ് കോളജ് വിദ്യാർഥിയാണ്.
ചെറുതോണി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മേഖല നിലവിൽ സംഘർഷാവസ്ഥയിലാണ്.