ഇടുക്കി : തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം കിട്ടുന്നതെന്താണെന്ന് ചോദിച്ചാല്‍ ഇടുക്കി ജില്ലിയിലെ ശാന്തൻപാറക്കാർ പറയും അത് വാഗ്‌ദാനങ്ങളാണെന്ന്... കാരണം അതിനൊരു മികച്ച ഉദാഹരണം അവരുടെ കൺമുന്നിലുണ്ട്. ശാന്തൻപാറ ബസ് സ്റ്റാൻഡ് (Santhanpara Bus stand). രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് പൂപ്പാറ- കുമളി സംസ്ഥാനപാതയോട് ചേർന്ന് ശാന്തൻപാറയിൽ സ്ഥലം ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിച്ചത്.
പഞ്ചായത്തിന്‍റെ ആസ്‌തി വികസന ഫണ്ട്, എംഎൽഎ, എംപി ഫണ്ട് എന്നിവ ഉൾപ്പെടെ 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. കംഫർട്ട് സ്റ്റേഷനും കട മുറികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. ഇത്രയും റെഡിയായപ്പോൾ വൈദ്യുത കണക്ഷൻ മാത്രം കിട്ടിയില്ല. അതിന് പിന്നാലെ ഗതാഗത വകുപ്പിന്‍റെ അനുമതി കൂടി കിട്ടാതായതോടെ സ്റ്റാൻഡ് എന്നത് ഒരു പേര് മാത്രമായി.
ഒടുവില്‍ പഞ്ചായത്ത് ഭരണസമിതി ആർടിഒയ്‌ക്ക് കത്ത് നൽകി. ബസ് സ്റ്റാൻഡിൽ ഷെൽട്ടറും സൂചന സംവിധാനങ്ങളും ഒരുക്കിയാൽ അനുമതി നൽകാമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെ കത്തുകൾ പലതും ആർടിഒയ്‌ക്കും ജനപ്രതിനിധികൾക്കും കൊടുത്തു. കാര്യമൊന്നുമുണ്ടായില്ല.
ശാന്തൻപാറയിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ ബസുകൾക്ക് തോന്നിയപോലെയാണ് സ്റ്റോപ്പുള്ളത്. ഇവിടെ യാത്ര അവസാനിപ്പിക്കുന്ന ബസുകളും റോഡിൽ പല ഭാഗത്തായാണ് നിർത്തുന്നത്. ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പോയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാറില്‍ ചീറിപ്പായുമ്പോൾ ജനം പെരുവഴിയില്‍ തന്നെ...