ഇടുക്കി: അടിമാലിയില്‍ സ്വകാര്യ ഭൂമിയില്‍ വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമം. അടിമാലി ടൗണ്‍ പരിധിയോട് ചേര്‍ന്നാണ് സംഭവം നടന്നത്. അടിമാലി ടൗണ്‍ ജുമാ മസ്‌ജിദിന് സമീപത്ത് നിന്നാരംഭിക്കുന്ന വഴിയുടെ സമീപത്ത് സ്വകാര്യ വ്യക്തി വാടകയ്‌ക്ക് നല്‍കിയിരുന്ന വീട്ടുമുറ്റത്തായിരുന്നു ചന്ദനമരം നിന്നിരുന്നത്. ഈ മരമാണ് ചൊവ്വാഴ്ച്ച രാത്രിയില്‍ മുറിച്ച് കടത്താന്‍ ശ്രമം നടത്തിയത്.
മരം മുറിച്ചു നീക്കിയത് ശ്രദ്ധയില്‍പ്പെട്ട അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥൻ വിവരം രാവിലെ വനംവകുപ്പുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് കൂമ്പന്‍പാറ റേഞ്ച് ഓഫിസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശ പ്രകാരം മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൂമ്പന്‍പാറ ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ പറഞ്ഞു. മരം മുറിച്ച് നീക്കിയെങ്കിലും തടിഭാഗം കൃത്യം നടത്തിയവര്‍ കടത്തികൊണ്ടുപോയിരുന്നില്ല. ചുവടുഭാഗം മരകുറ്റിയുടെ ഏതാനും മീറ്റര്‍ അടുത്തു നിന്നും ശേഷിക്കുന്ന ഭാഗം സമീപത്തു തന്നെ മറ്റൊരിടത്തു നിന്നും വനപാലകര്‍ കണ്ടെടുത്തു. സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ വീട്ടുടമയെ വിളിച്ച് വരുത്തി വീട് വാടകയ്‌ക്ക് നല്‍കിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു.