വേതന പാക്കേജ് ലഭിക്കാതായതോടെ പ്രതിസന്ധിയിലായി ദേവികുളം താലൂക്കിലെ റേഷൻ വ്യാപാരികൾ. കഴിഞ്ഞ മൂന്നു മാസമായി വ്യാപാരികൾക്ക് സർക്കാർ ലഭ്യമാക്കേണ്ട തുക ലഭിച്ചിട്ടില്ല. അഞ്ച് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതാണ് വേതന പാക്കേജ് ലഭിക്കാത്തതിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വേതനമാണ് വ്യാപാരികൾക്ക് ലഭിക്കാനുള്ളത്. മാസം 45 ക്വിന്റൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുകയും വിതരണത്തിന്റെ 70 ശതമാനം കടയിൽ വിറ്റഴിക്കുകയും ചെയ്താൽ 18000 രൂപ ഓരോ വ്യാപാരികൾക്കും സർക്കാരിൽ നിന്നും ലഭിക്കും. ഇപ്രകാരം ദേവികുളം താലൂക്കിലെ 119 വ്യാപാരികൾക്ക് 13 ലക്ഷം രൂപയാണ് ഒരുമാസം ലഭിക്കേണ്ടത്. മൂന്നു മാസങ്ങളിലായി വേതന പാക്കേജ് മുടങ്ങിയത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും ഇവർ പറയുന്നു. വേതനം ലഭിക്കാതായതോടെ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് കടയിൽ സാധനങ്ങൾ എത്തിക്കേണ്ട ഗതികേടിലാണ് ഈ റേഷൻ വ്യാപാരികൾ. 702 റേഷൻകടകൾ ആണ് ഇടുക്കിയിൽ ഇത്തരത്തിൽ പ്രവർത്തിച്ചു വരുന്നത്. ഇനിയും തൽസ്ഥിതി തുടർന്നാൽ കടയടപ്പ് സമരം ഉൾപ്പെടെ സംഘടിപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.