ഇടുക്കി: സംഘടന വിരുദ്ധ പ്രവര്‍ത്തനമാണ് മുന്‍ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ തുടരുന്നതെന്ന് സിപി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി എം.എല്‍.എ. മറയൂരില്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. മൂന്ന് ടേം പാര്‍ട്ടിയുടെ ഭാഗമായി അദ്ദേഹം എംഎല്‍എ ആയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും ലഭിച്ചു. ഇതില്‍ കൂടുതല്‍ പാര്‍ട്ടി എങ്ങനെയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
എസ് രാജേന്ദ്രന്‍ തുടര്‍ച്ചയായി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നില്ല. സംഘടന വിരുദ്ധ പ്രവര്‍ത്തനമാണ് രാജേന്ദ്രന്‍ തുടരുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവരോട് പൊറുക്കാന്‍ ആവില്ലെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.
രാജേന്ദ്രനെതിരെ പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം നടത്തുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് രാജേന്ദ്രന് അനുകൂലമായാല്‍ പോലും കാര്യമില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് അച്ചടക്ക ലംഘനമാണ്. അതിനാല്‍ നന്നെ രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് അടിപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാണ് സംഘടനയില്‍ തുടരാന്‍ അവകാശമുള്ളു എന്നും അദ്ദേഹം പറഞ്ഞു. വട്ടവടയില്‍ ഇടതുപക്ഷത്തിന്‍റെ തകര്‍ച്ചക്ക് കാരണം സി.പി.ഐയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: ഡാം തുറക്കുന്നതില്‍ തമിഴ്നാട് മര്യാദ പാലിക്കണം; താക്കീതുമായി എം.എം മണി
23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായാണ് മറയൂര്‍ ഏരിയ സമ്മേളനം നടന്നത്. ജില്ലയില്‍ 14 ഏരിയ കമ്മിറ്റികളില്‍ അവസാനത്തെ സമ്മേളനമാണ് മറയൂരില്‍ നടന്നത്. മറയൂരിലെ അഭിമന്യു നഗറില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കമായത്.
സമ്മേളനത്തില്‍ നേതാക്കളായ കെവി.ശശി, സി.വി വര്‍ഗ്ഗീസ്, കെ.പി മേരി, എം ലക്ഷ്മണന്‍, എ.രാജ എം.എല്‍.എ, ഏരിയ സെക്രട്ടറി സിജു തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ സംഘടനകളില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കി. സമ്മേളനം ബുധനാഴ്ച സമാപിക്കും. ജില്ലാ സമ്മേളനം ജനുവരി 4, 5, 6 തീയതികളില്‍ കുമളിയില്‍ നടക്കും. ഏരിയ സമ്മേളനം ബുധനാഴ്ച സമാപിക്കും.