ഇടുക്കി: നെടുങ്കണ്ടം കൈലാസത്തിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാതെ അധികൃതര്‍. വഴിടഞ്ഞതോടെ പ്രദേശത്തെ ഗ്രാമീണ മേഖലകള്‍ ഒറ്റപെട്ട അവസ്ഥയിലാണ്. നെടുങ്കണ്ടത്ത് നിന്നും കൈലാസം വഴി അടിമാലിക്കുള്ള പാതയിലാണ് ഗതാഗതം തടസപെട്ടിരിക്കുന്നത്. കഴിഞ്ഞ ആറാം തിയതി രാത്രി എട്ട് മണിയോടെ കൈലാസത്തിന് സമീപം ചാക്കോസിറ്റിയില്‍ റോഡിലേക്ക് വന്‍ മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.
ആറിന് പെയ്ത കനത്ത മഴയില്‍ റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതം തടസപെട്ടിരുന്നു. രാത്രിയോടെ ചാക്കോ സിറ്റിക്ക് സമീപം വലിയ മണ്ണിടിച്ചില്‍ ഉണ്ടാവുകയായിരുന്നു. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപെട്ടു. മുള്ളരിക്കുടി, ചാക്കോസിറ്റി, കൈലാസം തുടങ്ങിയ ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്ക് നെടുങ്കണ്ടം, അടിമാലി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് പോകുവാന്‍ ആകാത്ത സാഹചര്യമാണുള്ളത്. ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും വാഹനം കൊണ്ടു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. നിലിവില്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.
പാല്‍ സൊസൈറ്റിയില്‍ എത്തിക്കുന്നതിനായും വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നതിനായും മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ റോഡിലൂടെ സാഹസിക യാത്ര നടത്തേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. മണ്ണിടിഞ്ഞ് ഗതാഗതം തടസപെട്ട വിവരം പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. നിലവില്‍ അതീവ ശോചനീയാവസ്ഥയില്‍ കിടക്കുന്ന പാതയാണ് നെടുങ്കണ്ടം- കൈലാസം- മുള്ളരിക്കുടി റോഡ്. ഇതോടൊപ്പമാണ് മണ്ണിടിഞ്ഞതോടെ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ട അവസ്ഥയില്‍ നാട്ടുകാര്‍ എത്തിയിരിക്കുന്നത്. എത്രയം വേഗം മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.