ഇടുക്കി: ജയിൽ ഡിജിപി ഋഷിരാജ് സിങ് പീരുമേട് സബ് ജയിൽ സന്ദർശിച്ചു. രാജ് കുമാറിന്‍റെ മരണത്തിൽ ജയിലിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും, അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ്.
കഴിഞ്ഞ 17-ാം തിയതി മുതലാണ് രാജ് കുമാർ പീരുമേട് സബ് ജയിലിൽ റിമാന്‍റില്‍ കഴിഞ്ഞത്. ഈ ദിവസങ്ങളിൽ ജയിലിൽ രാജ്‌കുമാറിന് മർദനമേറ്റതായി സഹതടവുകാരൻ ആരോപിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനായി ജയിൽ ഡിഐജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഉദ്യോഗസ്ഥർ രാജ് കുമാറിനെ മർദിച്ചോ, ചികിത്സ പിഴവ് സംഭവിച്ചോ എന്നിവ സംഘം പരിശോധിക്കും.
റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഡി.ഐ.ജി കൈമാറും. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാരും ജയിൽ വകുപ്പും സംഭവത്തെ ഗൗരമായി കാണുന്നുവെന്നും ജയിൽ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.