ഇടുക്കി: ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിൽ ഉൾപ്പെടെ പട്ടയം ലഭിക്കാത്ത കർഷകർക്ക് പട്ടയം നൽകുന്നതിന് വേണ്ടി ആരംഭിച്ച എൽഎ (ഭൂപതിവ്) ഓഫിസുകളുടെ പ്രവര്‍ത്തനം അടുത്ത മാര്‍ച്ചില്‍ അവസാനിപ്പിക്കാനുള്ള റവന്യു വകുപ്പിന്‍റെ നീക്കം പട്ടയ നടപടികളെ ബാധിക്കുമെന്ന് ആശങ്കയിൽ ജില്ലയിലെ കർഷകർ. 2021 സെപ്റ്റംബര്‍ 27ലെ ഉത്തരവ് അനുസരിച്ചാണ് എൽഎ ഓഫിസുകളുടെ പ്രവർത്തന കാലാവധി അവസാനിപ്പിക്കുന്നത്. എൽഎ ഓഫിസുകളുടെ പ്രവർത്തന കാലാവധി നീട്ടിയില്ലെങ്കില്‍ പത്ത് ചെയിന്‍ മേഖലകളില്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കാത്ത കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകും.
എല്‍എ ഓഫിസുകളില്‍ സര്‍വേയര്‍മാരുടെയും മറ്റ് ജീവനക്കാരുടെ കുറവ് മൂലം മാസങ്ങളായി പട്ടയ നടപടികള്‍ ഇഴയുകയാണ്. കാല്‍ ലക്ഷത്തിലധികം പട്ടയ അപേക്ഷകള്‍ നടപടികള്‍ കാത്ത് റവന്യു ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വരുന്ന 6 മാസത്തിനുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
കട്ടപ്പന, രാജാക്കാട് (രാജകുമാരി ഭൂപതിവ് ഓഫിസ്), മുരിക്കാശേരി, കരിമണ്ണൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് എല്‍എ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഇടുക്കി എല്‍എ ഓഫിസ് മാത്രം നിലനിര്‍ത്താനാണ് റവന്യു വകുപ്പിന്‍റെ തീരുമാനം. എല്‍എ ഓഫിസുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ രാജാക്കാട് എല്‍എ ഓഫിസിലെ ഫയലുകള്‍ ദേവികുളം താലൂക്ക് ഓഫിസിലേക്കും മുരിക്കാശേരി, കട്ടപ്പന എല്‍എ ഓഫിസുകളിലെ ഫയലുകള്‍ ഇടുക്കി താലൂക്ക് ഓഫിസിലേക്കും കെെമാറണമെന്നാണ് നിര്‍ദേശം.
നെടുങ്കണ്ടം എല്‍എ ഓഫിസിലെ ഫയലുകള്‍ ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലേക്കും കരിമണ്ണൂര്‍ ഓഫിസിലെ ഫയലുകള്‍ ഇടുക്കി എല്‍എ ഓഫിസിലേക്കും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. താലൂക്ക് ഓഫിസുകളില്‍ ഇപ്പോള്‍ തന്നെ നൂറ് കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ എല്‍എ ഓഫിസുകളിലെ ഫയലുകള്‍ കൂടി എത്തുന്നതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം ഇരട്ടിയാകും.