ഇടുക്കി: പീരുമേട് കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തിരച്ചിൽ പുരോഗമിക്കുന്നു. ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ രാവിലെ ആറ് മണിക്ക് പുനരാംഭിച്ചിരുന്നു. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ്, ദുരന്തനിവാരണ സേന മുതലായവയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് തിരച്ചിൽ നടക്കുന്നത്.
ALSO READ: കണ്ണീരായി കുട്ടിക്കല്‍; പത്ത് പേരുടെ മൃതദേഹം കൂടി കണ്ടെത്തി
എട്ട് പേരെയാണ് കൊക്കയാർ മാക്കോച്ചിയിൽ നിന്നും കാണാതായിരിക്കുന്നത്. ഇതില്‍ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിൽ എത്തിയ കല്ലുപുരക്കൽ നസീറിന്‍റെ മകൾ ഫൗസിയ സിയാദ് (28), ഫൗസിയയുടെ മക്കളായ അമീന്‍ സിയാദ് (10), അമ്‌ന സിയാദ് (7), കല്ലുപുരക്കൽ ഫൈസലിന്‍റെ മകൾ അഫ്‌സാര ഫൈസല്‍ (8 ), മകൻ അഫിയാൻ ഫൈസൽ (4), പുതുപ്പറമ്പിൽ ഷാഹുലിൻ്റെ മകൻ സച്ചു ഷാഹുൽ (7 ), ഒഴുക്കില്‍പ്പെട്ട് കാണാതായ ചിറയിൽ ഷാജി (55), ചേപ്ലാംകുന്നേല്‍ ആന്‍സി സാബു (50), എന്നിവരെയാണ് കാണാതായിരുന്നത്.
പ്രതികൂല കാലാവസ്ഥ മാറി മഴക്ക് ശമനം ഉണ്ടായതോടെ തിരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ്.