ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ റെഡ് അലർട്ട് പ്രാഖ്യാപിച്ചു. ജില്ലയില്‍ നാളെ അതിശക്തമായ മഴ പെയ്യാൻ സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ശരാശരി 24.90 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ 60 സെന്‍റി മീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
അതേസമയം ജില്ലയിൽ ഇതുവരെ മഴക്കെടുതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു ദിവസമായി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ തൊടുപുഴയില്‍ 58.9 മില്ലീമീറ്ററും, ഇടുക്കിയില്‍ 24.60 മില്ലീമീറ്ററും ഉടുമ്പൻചോലയില്‍ 12.2 മില്ലീമീറ്ററും പീരുമേടില്‍ 18 മില്ലീമീറ്ററും ദേവികുളത്ത്11.2 മില്ലീമീറ്ററും മഴ ലഭിച്ചു.