ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളുടെയും ജലസംഭരണിയുടെയും പുനര്‍നിര്‍മാണം ആരംഭിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഏഴ് ലക്ഷം രൂപ അനുവദിച്ചാണ് നവീകരണം നടത്തുന്നത്. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പുലൈനുകളും ടാങ്കുമാണ് കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നത്. കോഴിക്കാനം 26ല്‍ സ്ഥിതി ചെയ്യുന്ന ടാങ്കില്‍ നിന്നുമാണ് വിവിധ പഞ്ചായത്തുകളിലേക്ക് ജലം എത്തിക്കുന്നത്.
പൈപ്പുകള്‍ തകര്‍ന്നതോടെ ദിവസങ്ങളായി മേഖലകളില്‍ ജലവിതരണം മുടങ്ങി കിടക്കുകയാണ്. കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മണ്ണിടിച്ചിലില്‍ തകര്‍ന്ന പൈപ്പുകളും ടാങ്കും പുനസ്ഥാപിക്കാന്‍ ജലവിവഭവ വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചത്. മെയിന്‍റനന്‍സ് ഫണ്ടില്‍ നിന്നും 7,89,700 രൂപയാണ് അനുവദിച്ചിരിക്കുന്നത്. താല്‍കാലികമായി ജലവിതരണം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഘട്ടമായി കൂടുതല്‍ തുക ഉപയോഗിച്ച് പദ്ധതി വേഗത്തില്‍ പ്രവര്‍ത്തന ക്ഷമമാക്കാനാണ് അധികൃതരുടെ തീരുമാനം.