ഇടുക്കി: രാജാക്കാട്-കുത്തുങ്കല്‍ റോഡിന്‍റെ പുനര്‍നിര്‍മാണം ആരംഭിച്ചു. 14 ലക്ഷം രൂപ ചിലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് അഞ്ച് കിലോമീറ്ററോളം വരുന്ന റോഡ് ഗതാഗതയോഗ്യമാക്കുന്നത്. ടാറിങ് തകര്‍ന്ന റോഡില്‍ കാല്‍നടയാത്ര പോലും സാധ്യമല്ലായിരുന്നു.
രാജാക്കാട്-ഉടുമ്പന്‍ചോല പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും നെടുങ്കണ്ടത്തേക്ക് എളുപ്പത്തില്‍ എത്താൻ കഴിയുന്നതുമായ റോഡാണ് നിരന്തരമായുള്ള പരാതികള്‍ക്കൊടുവില്‍ പുനര്‍നിര്‍മിക്കുന്നത്. കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം റോഡ് ഗതാഗത യോഗ്യമാകുന്ന സന്തോഷത്തിലാണ് നാട്ടുകാര്‍. ഇതിന് പുറമേ മൈലാടുംപാറ-രാജാക്കാട് റോഡിനായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ടനുവദിച്ചതും നാട്ടുകാര്‍ സ്വാഗതം ചെയ്തു. റോഡ് പുനര്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ആയിരക്കണക്കിന് വരുന്ന ജനങ്ങളുടെ യാത്രാ പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.