ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന തോക്കുപാറ ആനന്ദവിലാസം കരടിപ്പാറ റോഡിന്‍റെ പുനര്‍നിര്‍മ്മാണം ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് സാധ്യമാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എസ്. രാജേന്ദ്രന്‍ എംഎല്‍എ തോക്കുപ്പാറയില്‍ നിര്‍വഹിച്ചു. മുപ്പത്തിമൂന്നര ലക്ഷം രൂപ നിര്‍മ്മാണ ജോലികള്‍ക്കായി വിനിയോഗിക്കും.
2018ലെ പ്രളയത്തിലായിരുന്നു തോക്കുപാറ ആനന്ദവിലാസം കരടിപ്പാറ റോഡിന്‍റെ ഒരു ഭാഗം തകര്‍ന്നത്. വെള്ളപ്പാച്ചിലില്‍ റോഡിന്‍റെ വശം ഒലിച്ച് പോകുകയായിരുന്നു. ഈ ഭാഗമാണ് പുനര്‍നിര്‍മ്മിക്കുന്നത്. തകര്‍ന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് പാതയുടെ വിസ്താരം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. തോക്കുപാറ ആനന്ദവിലാസം കരടിപ്പാറ റോഡിന് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട്. തകര്‍ന്ന ഭാഗം പുനര്‍നിര്‍മ്മിക്കുന്നതോടെ ഇതിലൂടെയുള്ള വാഹനഗതാഗതം കൂടുതല്‍ സുഗമമാകും.