ഇടുക്കി: സ്വകാര്യ വ്യക്‌തികൾ കൈയേറി കൃഷി ചെയ്‌തുവന്നിരുന്ന പുറമ്പോക്ക് ഭൂമി തിരികെ പിടിച്ച് രാജകുമാരി ഗ്രാമപഞ്ചായത്ത്. അരമനപ്പാറ- ബി ഡിവിഷൻ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്‌തികളുമായി തർക്കം നിലനിന്നിരുന്നു. തുടർന്ന് പൊലീസിന്‍റെ സാന്നിധ്യത്തിൽ താലൂക്ക് ഓഫീസിൽ നിന്നും സർവേയർ എത്തി ഭൂമി അളന്നതിനെ തുടർന്നാണ് ഒന്നരയേക്കറോളം പുറമ്പോക്ക് ഭൂമി റോഡിനായി തിരികെ പിടിച്ചത്.
രാജകുമാരി അരമനപ്പാറയിലാണ് ആറ് പതിറ്റാണ്ടായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തത്. അരമനപ്പാറ- ബി ഡിവിഷൻ റോഡിനു വേണ്ടി സർവേയിൽ ഉൾപ്പെടുത്തി അറുപത് വർഷങ്ങൾക്കു മുൻപ് നീക്കിവച്ചിരുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് 3 സ്വകാര്യ വ്യക്തികൾ കയ്യേറി ഏലം കൃഷി ചെയ്‌തിരുന്നത്. ഒരു കിലോമീറ്റർ നീളമുള്ള റോഡിന്‍റെ വശങ്ങളിൽ ഭൂമി കയ്യേറി മുള്ള് വേലി സ്ഥാപിച്ചതോടെ റോഡിന്‍റെ വീതി കുറഞ്ഞു. റോഡ് വീതി കൂട്ടി നിർമ്മിച്ച് ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി രാജകുമാരി പഞ്ചായത്ത് ഫണ്ട് അനുവദിച്ചപ്പോൾ സ്ഥലം കയ്യേറിയവർ എതിർപ്പുമായി രംഗത്തെത്തി. തുടർന്ന് നടത്തിയ ചർച്ചകൾ സംഘർഷാവസ്ഥയിൽ എത്തിയതോടെ പഞ്ചായത്തും രാജാക്കാട് പൊലീസും ഇടപെട്ട് സർവേ നടത്തി റോഡിനു വേണ്ട സ്ഥലം കണ്ടെത്തണം എന്നാവശ്യപ്പെട്ട് റവന്യു വകുപ്പിനെ സമീപിച്ചു. താലൂക്ക് സർവേയർമാരുടെ നേതൃത്വത്തിൽ സ്ഥലത്ത് വീണ്ടും സർവേ നടത്തിയപ്പോൾ ആണ് റോഡിനു വേണ്ടി ഒഴിച്ചിട്ട ഒന്നരയേക്കർ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി കണ്ടെത്തിയത്. തുടർന്നാണ് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തത്. സ്ഥലം കൈയേറി സ്ഥാപിച്ചിരുന്ന മുള്ളുവേലിയും കൃഷിയും മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്‌തു. തുടര്‍ന്ന് റോഡിന്‍റെ വീതി കൂട്ടിയുള്ള നിർമാണ പ്രവർത്തനം ആരംഭിച്ചു .