ഇടുക്കി: ജില്ലയിലെ ചിന്നക്കനാൽ ഉൾപ്പെടെയുള്ള വിവിധ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ വനംവകുപ്പ് ജണ്ടയിട്ട് (ഭൂ അതിര്‍ത്തി നിര്‍ണയിക്കുന്നതിനായി ഇടുന്ന കോണ്‍ക്രീറ്റ് സ്തൂപം) അവകാശം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനവാസ മേഖലകളിൽ നിന്നും ജനങ്ങളെ കുടിയിറക്കുവാനുള്ള നീക്കമാണിതെന്നും ചിന്നാർ വന്യജീവി സങ്കേതം മുതൽ പെരിയാര്‍ കടുവ സങ്കേതം വരെ നീളുന്ന വന്യജീവി ഇടനാഴി സൃഷ്‌ടിക്കുകയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.
സൂര്യനെല്ലി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മിച്ച വീടുകളും ആരാധാനാലയങ്ങളും വനംവകുപ്പ് ജണ്ടയിട്ട് അതിര്‍ത്തി തിരിച്ചപ്പോള്‍ വനഭൂമിയായി മാറി. ഇത്തരത്തിൽ ഭൂമി വനംവകുപ്പ് ജണ്ടയിട്ട് തിരിക്കുമ്പോൾ ചിന്നക്കനാൽ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളും വനഭൂമിയായി മാറുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു.
കൃഷിഭൂമി കൈയേറി വനമാക്കി മാറ്റാനുള്ള ഒരു നീക്കവും അനുവദിച്ച് നല്‍കില്ല. അത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കാണ് ഇടുക്കി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും സമിതി നേതൃത്വം വ്യക്തമാക്കി.
അതേസമയം, അതിർത്തി മേഖലകളിലെ കൃഷിയിടങ്ങളിലേക്ക് ഇറക്കിയുള്ള ജണ്ടയിടൽ തടയാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനായി വിവിധ മേഖലകളിൽ ജനകീയ സമിതികൾ രൂപീകരിച്ചു കഴിഞ്ഞു.