ഇടുക്കി : പക്ഷിപ്പനി ഭീതിയില്‍ വൻതോതില്‍ കുറഞ്ഞ കോഴി വില സംസ്ഥാനത്ത് പൂർവ സ്ഥിതിയിലേക്ക്. ഇടുക്കി ജില്ലയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 80 മുതൽ 90 വരെയാണ് ഇപ്പോൾ വില. സംസ്ഥാനത്ത് പക്ഷിപനി പടർന്നു പിടിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് കിലോയ്ക്ക് നാല്പത് രൂപ വരെയെത്തിയിരുന്നു. ഒരാഴ്ച്ചക്കിടെ വിപണിയില്‍ എത്തുന്ന ഇറച്ചിക്കോഴിയുടെ അളവ് കുറഞ്ഞതും പക്ഷിപ്പനി ഭീതി അകന്നതുമാണ് വില പഴയ സ്ഥിതിയിലേക്ക് എത്താൻ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
കൊവിഡ് 19 വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലും കോഴി വില കുറഞ്ഞിരുന്നു. വിലക്കുറവും ലോക്ക് ഡൗണിനെ തുടർന്നുണ്ടായ ആവശ്യകതയും വിപണി വീണ്ടും സജീവമാകാൻ കാരണമായി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി വരവ് കുറയുകയും പ്രാദേശിക ഫാമുകളില്‍ ഉണ്ടായിരുന്ന കോഴി കൂടുതലായി വിറ്റഴിയുകയും ചെയ്തതോടെ വില ഇനിയും വർദ്ധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.