ഇടുക്കി: പെരിയാർ കടുവ സങ്കേതത്തില്‍ ചത്ത കടുവയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മുങ്ങിമരണം ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൂന്നാറിൽ നിന്ന് ഒക്‌ടോബര്‍ ഏഴിന് പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് തുറന്നുവിട്ട കടുവയുടെ ജഡമാണ് സീനിയറോട ഭാഗത്തെ ജലാശയത്തിൽ കഴിഞ്ഞ ദിവസം രാവിലെ വനപാലകര്‍ കണ്ടെത്തിയത്.
ജലാശയം നീന്തിക്കടക്കവെ മുങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. മുള്ളൻപന്നിയെ വേട്ടയാടി കഴിച്ചതിന്‍റെ അവശിഷ്‌ടങ്ങൾ വയറ്റിൽ ഉണ്ടായിരുന്നു. പെരിയാർ കടുവ സങ്കേതം വെറ്ററിനറി ഡോക്‌ടർ അനു രാജിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
മൂന്നാർ നെയ്‌മക്കാട് ഭാഗത്തെ ജനവാസ മേഖലയിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ട കടുവ ഉള്‍ക്കാട്ടിലെത്തിയിരുന്നു. തേക്കടിയിൽ നിന്ന് 12 കിലോമീറ്റർ അകലെയായിരുന്നു കടുവ. ജഡം കണ്ടെത്തിയ ഭാഗത്ത് രണ്ടു ദിവസമായി ശക്തമായ മഴയുണ്ടായിരുന്നു.
തടാകത്തിൽ നീന്തി കരയിലേക്ക് ചാടുന്നതിനിടെ വീണ്ടും വെള്ളത്തിൽ വീണതാകാമെന്നാണ് വനംവകുപ്പ് കരുതുന്നത്. വേട്ടയാടുന്നതിനിടെ മുള്ളൻപന്നിയുടെ മുള്ളു കൊണ്ട് കൈയില്‍ മുറിവേറ്റിരുന്നു. വിശദമായ പരിശോധനയ്ക്ക് ആന്തരിക അവയവങ്ങളുടെ സാമ്പിൾ മൂന്ന് ലാബുകളിലേക്ക് അയക്കും.
തകരാറുണ്ടായിരുന്ന കണ്ണിന്‍റെ കാഴ്‌ചശക്തിയും വീണ്ടെടുത്തു തുടങ്ങിയിരുന്നു. പോസ്റ്റുമോർട്ടം ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം രൂപീകരിച്ച പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലാണ് നടന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം കടുവയുടെ ജഡം ദഹിപ്പിച്ചു.