ഇടുക്കി : കഴിഞ്ഞ ദിവസം പുലർച്ചെ 3.30 ഓടെയാണ് നെടുങ്കണ്ടത്തിന് സമീപം കോമ്പയാറില്‍ ഏലക്കാ സ്റ്റോറില്‍ വന്‍ സ്‌ഫോടനവും അഗ്നിബാധയും ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഏലം ഡ്രയര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് തീപ്പിടിച്ചത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്‍റെ ഇരുമ്പ് ഷട്ടറും വാതിലുകളും ജനലുകളും ചിതറിത്തെറിച്ചു. നാലര ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.
കോമ്പയാര്‍ ടൗണിന് സമീപത്തെ ഏലം ഡ്രയറില്‍ ബോംബ് സ്ഫോടനം ഉണ്ടായെന്ന തരത്തിലാണ് തിങ്കളാഴ്‌ച പുലര്‍ച്ചെ പ്രദേശത്ത് വാര്‍ത്ത പരന്നത്. ഇത് പ്രദേശവാസികളില്‍ ഭീതിപരത്തി. പിന്നീട് പൊലീസെത്തി നടത്തിയ പരിശോധനകളിലാണ് ബോംബ് സ്‌ഫോടനം അല്ലെന്ന് സ്ഥിരീകരിച്ചത്.
ALSO READ:മാലിന്യം കത്തിക്കുന്നതിനിടെ വീട്ടുവളപ്പില്‍ സ്ഫോടനം
ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്‌ധര്‍ തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് സംഭവം ആസൂത്രിതമെന്ന നിഗമനത്തിൽ പൊലീസെത്തിയത്. പുറത്തുനിന്ന് ആരോ കെട്ടിടത്തിന്‍റെ വെന്‍റിലേഷന്‍ ഹോളിലൂടെ ഇന്ധനമൊഴിച്ച് തീയിടാന്‍ ശ്രമിച്ചതാണ് സ്ഫോടനത്തിനും അഗ്‌നിബാധയ്ക്കും കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.