ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നതിനെതിരെ മുല്ലപ്പെരിയാർ പൊലീസ് കേസെടുത്തത്. ലോറി ക്ലീനര്‍മാരായ മൂന്നു പേര്‍ക്കെതിരെയാണ് നടപടി.
അണക്കെട്ടിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി മെറ്റൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വള്ളക്കടവ് വഴി കൊണ്ടു പോകാൻ തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. നാലു വാഹനങ്ങളിലായാണ് സാധനങ്ങൾ കൊണ്ടു പോയത്. ഇതിൽ മൂന്നു ലോറികളിലെ ക്ലീനർമാരാണ് ഇവർ.
അനുമതിയില്ലാതെ അണക്കെട്ടിൽ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡിവൈഎസ്‌പിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്.