ഇടുക്കി: പെട്ടിമുടിയില്‍ മണ്ണിനൊപ്പം ഒഴുകിപ്പോയ ജീവനുകളുടെ കണക്ക് എത്രയെന്ന് ഇന്നും തിട്ടമില്ല. നാടിനെ നടുക്കിയ മഹാദുരന്തത്തിന് ഒരു വർഷം തികയുമ്പോൾ കണ്ടിറങ്ങിയ നൊമ്പരം അക്ഷരങ്ങളിലേക്ക് മാറ്റിയെഴുതുകയാണ് അടിമാലി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഫ്രാന്‍സീസ് ജോസഫ്.
ദുരന്തഭൂമിയിലെ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഫ്രാൻസീസും പങ്കാളിയായിരുന്നു. മലയിറങ്ങിയിട്ടും കണ്ണീരുണങ്ങാത്ത പെട്ടിമുടിയെ വാക്കുകള്‍ ചേര്‍ത്ത് ഫ്രാൻസീസ് കവിതയാക്കി. ദുരന്ത ഭൂമിയില്‍ ഉയര്‍ന്ന് കേട്ട കരളലിയിപ്പിക്കുന്ന നിലവിളികളും ഉറ്റവരെ കണ്ടെടുക്കുന്നതും കാത്ത് ഉടയവരുടെ കാത്തിരിപ്പുമെല്ലാം 'നീലകുറുഞ്ഞിതന്‍ നൊമ്പരങ്ങള്‍' എന്ന ഫ്രാന്‍സീസ് കവിതയുടെ പശ്ചാത്തലമാണ്.
സമാനതകളില്ലാത്ത ദുരന്തം പേറിയവര്‍ ഒരിക്കലും വിസ്‌മരിക്കപ്പെടരുതെന്ന ചിന്ത ഫ്രാന്‍സീസിന്‍റെ കവിതയ്‌ക്ക് കരുത്തായി. ഫ്രാന്‍സീസ് തന്നെ ആലപിച്ച കവിതയ്‌ക്ക് സോജന്‍ അടിമാലിയാണ് സംഗീതം ചെയ്‌തത്. അഭിജിത്ത് അടിമാലി വരികള്‍ക്ക് ദൃശ്യാവിഷ്‌ക്കാരമൊരുക്കി.