ഇടുക്കി : തൂക്കുപാലം - രാമക്കല്‍മേട് റോഡില്‍ പൊലീസ് നടത്തുന്ന വാഹന ടെസ്‌റ്റ്, ഗതാഗത തടസം സൃഷ്‌ടിക്കുന്നതായി പരാതി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ്ങില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റാണ് നടക്കുന്നത്. ഇതേത്തുടര്‍ന്ന്, രാവിലെ മൂന്ന് മണിക്കൂറിലധികമാണ് ഗതാഗതം തടസപ്പെടുന്നത്.
രാമക്കല്‍മേട് വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്ക് എത്തുന്ന സഞ്ചാരികള്‍ നിലവില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. രാമക്കല്‍മേട് റോഡില്‍, പി.എസ്.സി (Public Service Commission) ജൂലൈ 20 വരെ വ്യത്യസ്‌ത ദിവസങ്ങളിലാണ് ടെസ്റ്റ് ക്രമീകരിച്ചത്. ഇതേത്തുടര്‍ന്ന്, പത്ത് ദിവസമാണ് ഗതാഗത നിയന്ത്രണം. രാവിലെ ആറ് മുതല്‍ ഒന്‍പത് വരെ ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കേണ്ട പ്രദേശവാസികള്‍ക്ക് റൂട്ടുമാറ്റി പോവേണ്ട സ്ഥിതിയാണുള്ളത്. ഇത് 15 കിലോമീറ്റര്‍ അധികം യാത്ര ചെയ്യുന്നതിന് ഇടയാക്കിയിട്ടുണ്ട്. ആശുപത്രി ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ പോലും തടഞ്ഞുനിര്‍ത്തി കാല്‍നടയായി പോകാന്‍ ആവശ്യപ്പെടുന്നതായി ആക്ഷേപമുണ്ട്. കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാന പാതയിലെ ഗതാഗത നിയന്ത്രണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.