ഇടുക്കി: ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ സ്ഥാപിച്ച പൊലീസ് എയ്‌ഡ് പോസ്റ്റിന്‍റെ പ്രവർത്തനം നിലച്ചതായി ആക്ഷേപം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് ദിവസവും നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന സ്ഥലത്താണ് പൊലീസ് സംരക്ഷണം അവസാനിപ്പിച്ചത്.
എയ്‌ഡ് പോസ്റ്റിലേക്ക് വിന്യസിക്കാൻ അടിമാലി പൊലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വന്നതോടെയാണ് എയ്‌ഡ് പോസ്റ്റ് അനാഥമായത്. ചീയപ്പാറയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷക്ക് പുറമെ നേര്യമംഗലം വനമേഖല വഴി കടന്നു വരുന്ന വാഹനയാത്രികരുടെ സുരക്ഷ കൂടി കണക്കിലെടുത്തായിരുന്നു ചീയപ്പാറയില്‍ എയ്‌ഡ് പോസ്റ്റ് തുറക്കാന്‍ തീരുമാനിച്ചത്. പൊലീസ് സുരക്ഷ നല്‍കുന്നത് അവസാനിച്ചതോടെ സഞ്ചാരികളും വാഹന യാത്രികരും ആശങ്കയിലാണ്.